13-August-2023 -
By. Business Desk
കൊച്ചി: നെടുമ്പാശ്ശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിയറ്റ്‌നാമിലെ ഹോ ചി മിന്‍ സിറ്റിയിലേക്ക് വിയറ്റ്‌ജെറ്റിന്റെ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചു. കേരളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്കുള്ള ആദ്യ വിമാനസര്‍വീസ് കൂടിയാണിത്. വിയറ്റ്‌ജെറ്റ് കൊമേഴ്‌സ്യല്‍ വിഭാഗം വൈസ് പ്രസിഡന്റ് . ജയ് എല്‍. ലിംഗേശ്വരയാണ് ഉദ്ഘാടനം ചെയ്തത്. കൊച്ചിയെ തെക്കുകിഴക്കേഷ്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന 45 വിമാന സര്‍വീസുകളിലൊന്നായി വിയറ്റ്‌ജെറ്റിന്റെ പുതിയ സര്‍വീസ് മാറും. ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേ ഇരു രാജ്യങ്ങളിലെയും യാത്രക്കാരില്‍ നിന്നുള്ള സഹകരണത്തിന് ലിംഗേശ്വര നന്ദി രേഖപ്പെടുത്തി. കൊച്ചിയും വിയറ്റ്‌നാമും തമ്മിലുള്ള നേരിട്ടുള്ള ഈ കണക്റ്റിവിറ്റി ഇരു രാജ്യങ്ങളിലെയും വിവിധ മേഖലകളിലെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയെ സൂചിപ്പിക്കുന്നു. ആദ്യ ദിനത്തിലെ ആഗമന, പുറപ്പെടല്‍ സര്‍വീസുകള്‍ എല്ലാ സീറ്റുകളും നിറഞ്ഞു . തുടര്‍ന്നും കൂടുതല്‍ വിയറ്റ്‌നാം നഗരങ്ങളിലേയ്ക്ക് സര്‍വീസുകള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വിയറ്റ്‌ജെറ്റ് കൊച്ചി ഹോ ച്ചി മിന്‍ സിറ്റി പുതിയ സര്‍വീസിന്റെ ആദ്യ ബോര്‍ഡിംഗ് പാസ് നല്‍കല്‍, സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി. നിര്‍വഹിച്ചു . സിയാല്‍ കൊമേഴ്‌സ്യല്‍ വിഭാഗം ജനറല്‍ മാനേജര്‍ ജോസഫ് പീറ്റര്‍, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി. എസ് . ജയന്‍, എ.ഒ.സി.സി ചെയര്‍മാന്‍ ഗിരീഷ് കുമാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് ഇപ്പോള്‍ വിയറ്റ്ജറ്റ് സര്‍വീസുകള്‍ നടത്തുന്നത്. VJ1811 വിമാനം ഹോചിമിന്‍ സിറ്റിയില്‍ നിന്ന് 19:20 ന് പുറപ്പെട്ട് 22:50 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരും. VJ1812 മടക്ക വിമാനം 23:50 ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് 06:40 ന് ഹോ ചി മിന്‍ സിറ്റിയില്‍ എത്തും.സിയാലിന്റെയും, രാജ്യത്തെ ടൂറിസം വ്യവസായത്തിന്റെയും വികസനത്തിന് ഈ പുതിയ സേവനം ഒരു സുപ്രധാന നാഴികക്കല്ലാകും. സാമ്പത്തിക വളര്‍ച്ചയ്ക്കും സാംസ്‌കാരിക വിനിമയത്തിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ സേവനങ്ങള്‍ സിയാലിന് സഹായകമാവും.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2022-23) 89.82 ലക്ഷം യാത്രക്കാരെ സിയാല്‍ കൈകാര്യം ചെയ്തിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടിയിലേറെ യാത്രക്കാരെയാണ് സിയാല്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് തന്നെ മൂന്നാം സ്ഥാനത്താണ് കൊച്ചി വിമാനത്താവളം.